കേരളത്തിൽ ഭൂമി നിക്ഷേപമായിരുന്ന കാലം പോയി; പുതുതലമുറയ്ക്ക് ഭൂമി ബാധ്യത; കാത്തിരിക്കുന്നതെന്ത്?

Model of Kerala Land

തലമുറകൾ മാറിവരുമ്പോൾ പരമ്പരാഗത സ്വത്തിനെകുറിച്ചുള്ള അഭിരുചികളും താൽപര്യങ്ങളും മാറിവരും. കേരളത്തിലെ നിർമാണ- റിയൽ എസ്റ്റേറ്റ് മേഖലയിലും മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയിട്ടുണ്ട്.

വസ്തുവിലെ കാടു തെളിക്കാൻ മാസങ്ങളുടെ ഇടവേളയിൽ കാശിറക്കണം. ഒന്നാമത് പണിക്കാരെ കിട്ടാനില്ല, ഉള്ളവർ ഡിമാൻഡ് മനസ്സിലാക്കി തോന്നിയ കൂലിയും ചോദിക്കും.

40വയസ്സ്, അങ്ങേയറ്റം പോയാൽ 45…അതിനുമേൽ പ്രായമുള്ളവർ കഴിവതും ഇനി കേരളത്തിൽ ഭൂമിയിൽ പണം നിക്ഷേപിക്കരുത്. മാത്രമല്ല 50 കഴിഞ്ഞെങ്കിൽ കയ്യിലുള്ള ഭൂമിയിൽ അധികമുള്ളത് ഉടൻ തന്നെ വിറ്റുമാറണം. ‘അധിക’മുള്ളതെന്ന് പറഞ്ഞത്, മക്കൾക്കും മറ്റും കൊടുക്കാൻ നീക്കിവച്ചതിന് ശേഷമുള്ള ഭൂമിയാണ്. ഭൂമി വാങ്ങി രണ്ടുവർഷം കയ്യിൽ വച്ച് മറിച്ച് വിറ്റ് ലാഭമുണ്ടാക്കാം എന്ന കാലമൊക്കെ പൊയ്പോയി. നിക്ഷേപത്തിനായി ഭൂമി വാങ്ങിയിടുന്ന പരിപാടി ഭൂരിഭാഗം മലയാളികളും നിർത്തി. പിന്നെയും ഡിമാൻഡ് ഉള്ളത് ചെറിയ പ്ലോട്ടുകൾക്കാണ്. അതും വീട് വയ്ക്കാൻ. ഒരു നിക്ഷേപം എന്നരീതിയിൽ ഭൂമിക്കുള്ള ന്യൂനത പെട്ടെന്ന് വിറ്റ് പണമാക്കാനുള്ള സാധ്യത (liquidity) ഇല്ല എന്നതാണ്. വാങ്ങിയിട്ട ഭൂമി വിൽക്കാൻ ഒരുങ്ങിയാൽ എപ്പോൾ വിൽപന നടക്കും എന്ന് ദൈവം തമ്പുരാനുപോലും നിശ്ചയമുണ്ടാകില്ല… ‘വിൽപന നടന്നാൽ നടന്നു’ എന്നേയുള്ളൂ. കാടും കയറി അതങ്ങനെ അവിടെ കിടക്കും. 

കാടു തെളിക്കാൻ മാസങ്ങളുടെ ഇടവേളയിൽ കാശിറക്കണം. ഒന്നാമത് പണിക്കാരെ കിട്ടാനില്ല, ഉള്ളവർ ഡിമാൻഡ് മനസ്സിലാക്കി തോന്നിയ കൂലിയും ചോദിക്കും. അതുകൊണ്ടാണ് 45 വയസ്സിനുശേഷം ഭൂമി വാങ്ങരുത് എന്ന് പറയുന്നത്. വാങ്ങുന്നവൻ പടമായി ഭിത്തിയിൽ തൂങ്ങിയാലും ഭൂമി അയാളുടെ പേരിൽ അവിടെ കിടക്കുകയേയുള്ളൂ.

2000 മുതൽ 2010 വരെ കേരളത്തിൽ സ്ഥലവിലയിൽ വൻവർധന ഉണ്ടായിരുന്നു. ഏതാണ്ട് ഒരു ഊഹക്കച്ചവടം പോലെ. ആ കാലമൊക്കെ പൊയ്പോയി. ഇപ്പോൾ ഒരു നിശ്ചലാവസ്ഥയിലാണ് (stagnation phase). ഇനി അടുത്തെങ്ങും പഴയപോലെ വില കയറാൻ സാധ്യതയില്ല.

പുതുതലമുറയുടെ തിരിച്ചുവരവ് ആഗ്രഹമില്ലാത്ത കുടിയേറ്റം, കോവിഡിനുശേഷം ഗൾഫ് വരുമാനത്തിന്റെ പ്രതിസന്ധി, കള്ളപ്പണത്തിന്റെ വരവിൽ ഉള്ള കുറവ് തുടങ്ങി നിരവധി കാരണങ്ങളാൽ വളരെ പതുക്കെയേ ഒരു റിയൽ എസ്റ്റേറ്റ് ബൂം ഇനി വരാനുള്ള സാധ്യത കാണുന്നുള്ളൂ.

സ്ഥലം, റോഡ് കണക്ടിവിറ്റി, അടിസ്ഥാനസൗകര്യങ്ങൾ, ജില്ല എന്നിവയടക്കമുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കി ഭൂമി വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. അതിനാൽ, എന്തെങ്കിലും വാങ്ങൽ തീരുമാനമെടുക്കുന്നതിന് മുമ്പ് നന്നായി ഗവേഷണം നടത്തുകയും ഒരു പ്രൊഫഷനലുമായി കൂടിയാലോചിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. വൻരീതിയിലുള്ള ഇൻവെസ്റ്റ്മെന്റ് നിലവിൽ റിസ്കാണ്.

തലമുറകൾ മാറിവരുമ്പോൾ വീടിനെക്കുറിച്ചുള്ള അഭിരുചികളും മാറിവരും. കേരളത്തിലെ നിർമാണമേഖലയിലും കാറ്റ് മാറി വീശിത്തുടങ്ങിയിട്ടുണ്ട്. മുൻതലമുറയിൽ പലർക്കും വീട് ‘സ്റ്റാറ്റസ് സിംബൽ’ ആയിരുന്നെങ്കിൽ, കുടിയേറുന്ന പുതുതലമുറയിൽ പലർക്കും ‘നാട്ടിൽ സ്വന്തമായി ഒരു വീട്’ ആവശ്യമായി പോലും തോന്നുന്നില്ല. നാട്ടിലെ വീടും സ്ഥലവും വിറ്റ് വിദേശരാജ്യങ്ങളിൽ വീട് വാങ്ങാനാണ് പലരും ശ്രമിക്കുന്നത്. അതിന്റെ പ്രതിഫലനങ്ങൾ ഭൂമി വിലയിലും നിർമാണ മേഖലയുടെ ഡിമാൻഡിലും ഒക്കെ പ്രതിഫലിക്കുന്ന നാളുകളാകും ഇനിവരുന്നത്.

2 ഏക്കർ റബർതോട്ടം ഉള്ളവന്, വെട്ടുകൂലി, മഴ, കൃഷിചെലവ്, റബറിന്റെ വിലയിടിവ് ഇതെല്ലാം കിഴിച്ചാൽ ഒരുവർഷം പിടിച്ചുനിൽക്കാനുള്ള വരുമാനം കിട്ടുന്നില്ല. എന്നാൽ ആ തോട്ടം വിറ്റുകിട്ടുന്ന 60-80 ലക്ഷം രൂപ ബാങ്കിൽ സ്ഥിരനിക്ഷേപമാക്കിയാൽ 5.5 മുതൽ 7.2 ലക്ഷം വരെ വാർഷിക പലിശ കിട്ടാം. വെറുതെ പത്രോം വായിച്ചോണ്ട് ചാരുകസേരയിൽ മലന്നിരുന്നാൽ മതി. ഒട്ടുപാല് പെറുക്കേണ്ട, തോട്ടത്തിലെ കൊതുകുകടി കൊള്ളേണ്ട, വെട്ടുകാരനുമായി ‘ഗുസ്തി’ പിടിക്കേണ്ട, റബർകടേൽ പോയി വിലപേശേണ്ട..വൈകിട്ട് രണ്ടെണ്ണോം അടിച്ചോണ്ട് ജീവിതം ജിങ്കാലാല…

പരമ്പരാഗതമായി ലഭിക്കുന്ന ഭൂമിയും വീടും ഭൂമിയും തോട്ടവുമൊക്കെ വികാരമായി കൊണ്ടുനടന്നിരുന്നു മുൻതലമുറ. ഭൂമിയും കെട്ടിപിടിച്ച് തുച്ഛവരുമാനത്തിൽ ജീവിക്കും. ഇന്നതൊക്കെ മാറി. അപ്പച്ചന്റെ കാലം കഴിഞ്ഞാൽ പുതിയ ചെക്കൻമാരും ചെക്കികളും ആദ്യം ചെയ്യുന്നത് വീടും പറമ്പും തോട്ടവും കിട്ടുന്ന കാശിന് വിറ്റൊഴിച്ച് പങ്കിടുകയാണ്. അതുകഴിഞ്ഞേ ഉള്ളൂ മറ്റ് കാര്യപരിപാടികൾ.

കാലം മാറി, കേരളവും മാറി. അപ്പോൾ ശരി, എന്നതാന്നു വച്ചാൽ പരുവം പോലെ, നോക്കീം കണ്ടും ചെയ്യുക…

Courtesy: Sulfikar Pangod Abdul (SAGP)

Leave a Reply

Your email address will not be published. Required fields are marked *