ന്യൂഡൽഹി: നാലു വർഷം മുൻപ് അഷ്റഫ് ഗനി സർക്കാരിൻ്റെ പതനത്തെത്തുടർന്ന് താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം ആദ്യ അഫ്ഗാൻ ഉന്നതതല സംഘം ഇന്ത്യയിലേക്കെത്തുന്നു. അഫ്ഗാനിലെ താലിബാൻ സർക്കാരിന്റെ വിദേശകാര്യ മന്ത്രി അമിർ ഖാൻ മുത്തഖി അടുത്തയാഴ്ച ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഐക്യരാഷ്ട്രസഭാ സുരക്ഷാ സമിതി (യുഎൻഎസ്സി) ഏർപ്പെടുത്തിയ ഉപരോധത്തെത്തുടർന്ന് യാത്രാ വിലക്ക് നേരിടുന്നതിനാൽ, കഴിഞ്ഞ മാസം ന്യൂഡൽഹി സന്ദർശിക്കാനിരുന്ന മുത്തഖിയുടെ യാത്ര റദ്ദാക്കിയിരുന്നു.
സെപ്റ്റംബർ 30-ന്, യാത്രാ വിലക്കിൽ യുഎൻഎസ്സി ഇളവ് നൽകി. ഇതനുസരിച്ച് ഒക്ടോബർ 9 മുതൽ 16 വരെ മുത്തഖിക്ക് ന്യൂഡൽഹി സന്ദർശിക്കാമെന്നും യുഎൻ പ്രസ്താവനയിൽ പറയുന്നു.
മോസ്കോ ഫോർമാറ്റ് ചർച്ചകളുടെ ഏഴാം ഘട്ടത്തിൽ പങ്കെടുക്കാൻ മുത്തഖി ഒക്ടോബർ 6 ന് മോസ്കോയിലേക്ക് പോകുമെന്ന് അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പ്രമുഖ താലിബാൻ നേതാക്കൾക്കെല്ലാം യുഎൻ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് വിദേശയാത്രകൾക്ക് അവർ പ്രത്യേക ഇളവ് നേടേണ്ടതുണ്ട്.
മുത്തഖിയുടെ സന്ദർശനം അഫ്ഗാനിലെ താലിബാൻ ഭരണകൂടവുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് ഒരു പുതിയ മാനം നൽകുമെന്ന് പ്രതീക്ഷിക്കുന്നത്.
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മെയ് 15 ന് മുത്തഖിയുമായി ഫോണിൽ സംസാരിച്ചിരുന്നു.
താലിബാൻ അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള ഏറ്റവും ഉയർന്ന തലത്തിലുള്ള ആശയവിനിമയമായിരുന്നു അത്.
അതേസമയം ഇന്ത്യ ഇതുവരെ താലിബാൻ ഭരണകൂടത്തെ അംഗീകരിച്ചിട്ടില്ല, കാബൂളിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സർക്കാർ രൂപീകരിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
ജനുവരിയിൽ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രിയും മുത്തഖിയും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം താലിബാൻ ഭരണകൂടം ഇന്ത്യയെ ഒരു ‘പ്രധാനപ്പെട്ട’ പ്രാദേശിക, സാമ്പത്തിക ശക്തിയായി വിശേഷിപ്പിച്ചിരുന്നു.
ഇന്ത്യ ഗോതമ്പും മരുന്നുകളും ഉൾപ്പെടെ നിരവധി മാനുഷിക സഹായം അഫ്ഗാനിസ്താനിലേക്ക് അയച്ചിട്ടുണ്ട്. രാജ്യത്തെ മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിനായി അഫ്ഗാനിസതാന് തടസ്സമില്ലാത്ത സഹായം നൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടുവരികയാണ്.
2022 ജൂണിൽ, അഫ്ഗാൻ തലസ്ഥാനത്തെ എംബസിയിൽ ഒരു ‘സാങ്കേതിക സംഘത്തെ’ നിയോഗിച്ചുകൊണ്ട് ഇന്ത്യ കാബൂളിൽ തങ്ങളുടെ നയതന്ത്ര സാന്നിധ്യം പുനഃസ്ഥാപിച്ചിരുന്നു.
