ഇന്ത്യയിൽ തികച്ചും സൗജന്യമായി മുഴുവൻ യാത്രക്കാർക്കും ഭക്ഷണം വിളമ്പുന്ന ഒരു ട്രെയിനുണ്ട്! അതെ, നിങ്ങൾ വായിച്ചത് ശരിയാണ്. ഈ ട്രെയിനിൽ എല്ലാ യാത്രക്കാർക്കും സന്നദ്ധപ്രവർത്തകർ ലംഗർ (സമൂഹ സദ്യ) വിളമ്പുന്നു.
സച്ച്ഖണ്ഡ് എക്സ്പ്രസ് എന്നാണ് ട്രെയിനിന്റെ പേര്. മഹാരാഷ്ട്രയിലെ ഹസൂർ സാഹിബ് നന്ദേഡിനെ പഞ്ചാബിലെ അമൃത്സറുമായി ബന്ധിപ്പിക്കുന്ന ഒരു പ്രതിദിന സൂപ്പർഫാസ്റ്റ് ട്രെയിനാണിത്.
സച്ച്ഖണ്ഡ് എക്സ്പ്രസ് (ട്രെയിൻ നമ്പർ 12715/12716) സിഖ് മതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പുണ്യസ്ഥലങ്ങളായ നന്ദേഡിലെ ഹസൂർ സാഹിബിനും അമൃത്സറിലെ ഹർമന്ദിർ സാഹിബിനും (സുവർണ്ണ ക്ഷേത്രം) ഇടയിൽ ദിവസവും സർവീസ് നടത്തുന്നു.
ഏകദേശം 2,082 കിലോമീറ്റർ ദൂരമാണ് ഈ ട്രെയിൻ സഞ്ചരിക്കുന്നത്. ഒരു ചാർജുമില്ലാതെ നിങ്ങളുടെ ബെർത്തിൽ എത്തുന്ന സൗജന്യ ഭക്ഷണ സേവനത്തിലൂടെ ഈ സൂപ്പർഫാസ്റ്റ് ട്രെയിൻ വേറിട്ടുനിൽക്കുന്നു.
ട്രെയിനിൽ എങ്ങനെയാണ് സൗജന്യ ഭക്ഷണം ലഭ്യമാകുന്നത്
സന്നദ്ധപ്രവവർത്തകരാണ് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നത്. ഇത് റെയിൽവേ നൽകുന്നതല്ല. ഗുരുദ്വാരകളും സന്നദ്ധ സംഘങ്ങളുമാണ് ഇത് തയ്യാറാക്കുന്നത്. സസ്യാഹാരം സ്റ്റേഷനുകളിലോ അടുത്തുള്ള ഗുരുദ്വാരകളിലോ വലിയ അളവിൽ തയ്യാറാക്കുന്നു.
ട്രെയിൻ നിർത്തുമ്പോൾ ഇവ യാത്രക്കാർക്ക് അവരുടെ ബെർത്തുകളിൽ വിതരണം ചെയ്യും. നന്ദേഡ്, ഭോപ്പാൽ, ന്യൂഡൽഹി തുടങ്ങിയ പ്രധാന സ്റ്റോപ്പുകളിൽനിന്ന് സന്നദ്ധപ്രവർത്തകർ ട്രെയിനിൽ കയറുന്നു. അവർ ഭക്ഷണ പാത്രങ്ങളുമായി വന്ന് ഡാൽ, സബ്ജി, കധി-ചാവൽ, റൊട്ടി എന്നിവ അടങ്ങുന്ന ഭക്ഷണം വിളമ്പുന്നു. ഭക്ഷണത്തിന്റെ മെനു ദിവസത്തേയും കാലാവസ്ഥയേയും ആശ്രയിച്ചിരിക്കും.
നിരവധി മുഖ്യധാരാ മാധ്യമങ്ങളും വിവിധ റിപ്പോർട്ടുകളും ഈ ട്രെയിനിനെ “ചക്രങ്ങളിലെ ലംഗർ” എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. മതത്തിനോ ജാതിക്കോ ഭേദമില്ലാതെ എല്ലാ യാത്രക്കാർക്കും ഭക്ഷണം വിളമ്പുന്നു. അവരെല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു. ഇത് ട്രെയിൻ ടിക്കറ്റ് നിരക്കിലോ റെയിൽവേ കാറ്ററിങ്ങിലോ ഉൾപ്പെടുന്നില്ല. അതായത് ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക സേവനമല്ല എന്ന് ചുരുക്കം.
ഭക്ഷണ മെനു, സമയം, വിതരണം എന്നിവയെല്ലാം സന്നദ്ധപ്രവർത്തകർ എവിടെനിന്ന് കയറുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. വിളമ്പുന്ന ഭക്ഷണം പൂർണമായും സസ്യാഹാരമാണ്. ഇതോടെ, യാത്രക്കാർക്ക് സൗജന്യമായി ഭക്ഷണം നൽകുന്ന ഇന്ത്യയിലെ ഏക ട്രെയിനായി സച്ച്ഖണ്ഡ് എക്സ്പ്രസ് മാറുന്നു. അപരിചിതർ ഒരേ ഭക്ഷണം ഒരുമിച്ചിരുന്ന് കഴിക്കുകയും സന്നദ്ധപ്രവർത്തകർ സേവ അനുഷ്ഠിക്കുകയും ചെയ്യുന്ന, വളരെക്കാലമായി നിലനിൽക്കുന്ന ഒരു പാരമ്പര്യമാണിത്.
