ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ രാജ്യത്ത് നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളെ വെറും വഞ്ചനാ കേസായോ സൈബർ കുറ്റകൃത്യമായോ മാത്രം കണക്കാക്കാൻ ആകില്ലെന്ന് സുപ്രീം കോടതി. മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ളവരിൽ നിന്ന് ഡിജിറ്റൽ അറസ്റ്റിൻ്റെ പേരിൽ പണം തട്ടുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഡിജിറ്റൽ അറസ്റ്റുകൾക്ക് എതിരെ സ്വമേധയാ എടുത്ത കേസിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും സിബിഐയ്ക്കും ഉൾപ്പെടെ സുപ്രീം കോടതി നോട്ടീസ് അയച്ചു.
ഹരിയാണയിലെ അംബാല സ്വദേശിനിയായ 73 കാരി ചീഫ് ജസ്റ്റിസ് ബി. ആർ. ഗവായ്ക്ക് നൽകിയ പരാതിയിലാണ് സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്. സെപ്റ്റംബർ ഒന്നിനും 16 നും ഇടയിൽ പരാതിക്കാരിയിൽ നിന്ന് ഒരു കോടിയിലധികം രൂപ സൈബർ തട്ടിപ്പുകാർ കവർന്നിരുന്നു. മുൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പുറപ്പെടുവിച്ച ഉത്തരവ് വ്യാജമായി സൃഷ്‌ടിച്ചായിരുന്നു തട്ടിപ്പ്. സിബിഐ, ഐബി ഉദ്യോഗസ്ഥർ ചമഞ്ഞായിരുന്നു തട്ടിപ്പ്.
സുപ്രീം കോടതി ജഡ്‌ജിമാരുടെ പേരും ഒപ്പും സീലും വ്യാജമായി സൃഷ്‌ടിച്ച് ഡിജിറ്റൽ അറസ്റ്റിലൂടെ പണം തട്ടുന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. മുതിർന്ന പൗരൻമാരിൽ നിന്ന് ഉൾപ്പടെ ഇങ്ങനെ പണം തട്ടുന്നത് തടയാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ശക്തമായി ഇടപെടണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.
തുടർന്നാണ് സ്വമേധയാ എടുത്ത കേസിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സിബിഐ ഡയറക്ടർ, ഹരിയാണ ആഭ്യന്തര സെക്രട്ടറി, അംബാല സൈബർ ക്രൈം എസ്‌പി എന്നിവർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചത്. അറ്റോർണി ജനറലിനോടും കേസിൽ ഹാജരാകാൻ സുപ്രീം കോടതി നിർദേശിച്ചു.
Courtesy:ബി. ബാലഗോപാൽ / മാതൃഭൂമി ന്യൂസ്
