ആനക്കൊമ്പ് കേസ്; മോഹന്‍ലാലിനും സര്‍ക്കാരിനും തിരിച്ചടി, ഉടമസ്ഥാവകാശം റദ്ദാക്കി ഹൈക്കോടതി.

കൊച്ചി: നടന്‍ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സുപ്രധാന വിധിയുമായി ഹൈക്കോടതി. വിജ്ഞാപനത്തിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി ആനക്കൊമ്പ് മോഹന്‍ലാലിന് സൂക്ഷിക്കാന്‍ അനുവാദം നല്‍കി സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. 2015-ലെ വിജ്ഞാപനം ഗസറ്റില്‍ പബ്ലിഷ് ചെയ്യാത്തതിനാല്‍ അത് നിലനില്‍ക്കില്ലെന്നും പുതിയ വിജ്ഞാപനം ഇറക്കണമെന്നുമാണ് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്.

2015-ലാണ് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് അനുസരിച്ച് ആനക്കൊമ്പുകള്‍ സൂക്ഷിക്കാന്‍ മോഹന്‍ലാലിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. അത് സംബന്ധിച്ച് അന്ന് വനം വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നെങ്കിലും അത് ഗസറ്റില്‍ വിജ്ഞാപനം ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ ഈ ഉത്തരവ് നിലനില്‍ക്കില്ലെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം മോഹന്‍ലാലിന് സ്ഥാപിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി അറിയിച്ചു.

എന്നാല്‍, സര്‍ക്കാരിന് ഇക്കാര്യത്തില്‍ നിയമപരമായി പുതിയ വിജ്ഞാപനം ഇറക്കാന്‍ സാധിക്കുമെന്നാണ് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്ന മറ്റൊരു കാര്യം. സര്‍ക്കാര്‍ പുതിയ വിജ്ഞാപനം ഇറക്കിയാല്‍ ഇത് നിയമാനുസൃതമാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനായി മോഹന്‍ലാല്‍ സര്‍ക്കാരിന് മുന്നില്‍ പുതിയ അപേക്ഷ നല്‍കേണ്ടതുണ്ട്.

മോഹന്‍ലാലിന്റെ കൈവശമുള്ള രണ്ട് സെറ്റ് ആനക്കൊമ്പുകളുടെ ഉടമസ്ഥാവകാശം സാങ്കേതിക കാരണങ്ങളാല്‍ റദ്ദാകുകയാണെന്നാണ് ഹൈക്കോടതി വിധിയെന്നാണ് മോഹന്‍ലാലിന്റെ അഭിഭാഷകനായ കെ.ആര്‍.രാധാകൃഷ്ണന്‍ നായര്‍ പറയുന്നത്. ഗസറ്റില്‍ വിജ്ഞാപനം ചെയ്യാതിരുന്നത് ഒരു ന്യൂനതയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ആനക്കൊമ്പിന്റെ കസ്റ്റോഡിയന്‍ സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഹൈക്കോടതി നടത്തിയിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം ഹൈക്കോടതി റദ്ദാക്കിയതിനാല്‍ തന്നെ അത് മോഹന്‍ലാലിന്റെ കൈവശം ഇരിക്കുന്നത് നിയമവിരുദ്ധമാണ്. അതുകൊണ്ട് ഇത് വനം വകുപ്പിന് കണ്ടുകെട്ടേണ്ടി വരും. അതിനുശേഷം മോഹന്‍ലാല്‍ വനം വകുപ്പിന് മുന്നില്‍ പുതിയ അപേക്ഷ നല്‍കുകയും ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഉചിതമായ തീരുമാനം എടുക്കുകയും ചെയ്യാം. 2015-ല്‍ സര്‍ക്കാര്‍ ഉടമസ്ഥാവകാശം മോഹന്‍ലാലിന് നല്‍കിയതിനാല്‍ തന്നെ കൂടുതല്‍ പരിശോധന വനം വകുപ്പിന് ഒഴിവാക്കാം.

Leave a Reply

Your email address will not be published. Required fields are marked *