‘തോക്കുചൂണ്ടി ഒരു കരാറിലും ഒപ്പിടീക്കാനാകില്ല’, ട്രംപിന്റെ തീരുവ ഭീഷണിക്ക് ഇന്ത്യ വഴങ്ങില്ലെന്ന് പീയുഷ് ഗോയല്‍

ന്യൂഡൽഹി: അമേരിക്കയുമായുള്ള വ്യാപാര കരാറിൽ ഒപ്പുവെക്കാൻ ഇന്ത്യ സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. നിലവിൽ നടക്കുന്ന ചർച്ചകൾക്ക് ഇന്ത്യ തയ്യാറാണെന്നും എന്നാൽ സമയപരിധി വച്ചുള്ള നീക്കങ്ങൾക്കില്ലെന്നും ഗോയൽ പറഞ്ഞു. “ഞങ്ങൾ അമേരിക്കയുമായി ചർച്ചകൾ നടത്തുന്നുണ്ട്, എന്നാൽ തിടുക്കത്തിലോ സമയപരിധി വച്ചോ ഭീഷണിക്ക് വഴങ്ങിയോ കരാറുകളിൽ ഏർപ്പെടാറില്ല,” ഔദ്യോഗിക സന്ദർശനത്തിനിടെ വെള്ളിയാഴ്ച ബെർലിൻ ഗ്ലോബൽ ഡയലോഗിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഇന്നത്തെ കാലത്ത് വ്യാപാര ചർച്ചകൾ സമയപരിധികളെയും തീരുവകളെയും ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് മോഡറേറ്റർ സൂചിപ്പിച്ചപ്പോൾ, ഇന്ത്യയുടെ സമീപനം താൽക്കാലിക സമ്മർദ്ദങ്ങളിലല്ല, ദീർഘകാല കാഴ്ചപ്പാടുകളിലാണ് അധിഷ്ഠിതമെന്ന് പറഞ്ഞുകൊണ്ട് ഗോയൽ അതിനെ പ്രതിരോധിച്ചു.

ഇന്ത്യ ഒരിക്കലും തിടുക്കത്തിലോ താൽക്കാലിക സമ്മർദ്ദങ്ങൾക്ക് വഴങ്ങിയോ തീരുമാനങ്ങൾ എടുക്കില്ല. ഞങ്ങൾക്ക് മേൽ തീരുവ ചുമത്തിയാൽ ഞങ്ങൾ അത് അംഗീകരിക്കും. അതിനെ എങ്ങനെ മറികടക്കാമെന്ന് ഞങ്ങൾ നോക്കുകയാണ്, ഞങ്ങൾ പുതിയ വിപണികൾ തിരയുകയാണ്, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കുള്ളിൽ ശക്തമായ ഡിമാൻഡ് വർധിപ്പിക്കാൻ ശ്രമിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് ഗണ്യമായി കുറയ്ക്കാൻ സമ്മതിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ അവകാശവാദങ്ങൾക്കിടയിലാണ് പീയുഷ് ഗോയലിന്റെ പരാമർശം.

ഉയർന്ന യുഎസ് തീരുവകൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന വ്യാപാരക്കരാർ പുനരുജ്ജീവിപ്പിക്കാൻ ഇന്ത്യയും യുഎസും ചർച്ചകൾ നടത്തുന്നതിനിടെയാണ് ഈ പ്രസ്താവന. റഷ്യൻ എണ്ണയുടെ ഇറക്കുമതി ഇന്ത്യ തുടരുന്നതുമായി ബന്ധപ്പെടുത്തി ചുമത്തിയ 25 ശതമാനം അധിക തീരുവ ഉൾപ്പെടെ, ഇന്ത്യൻ ഉൽപന്നങ്ങൾക്ക് നിലവിൽ 50 ശതമാനമാണ് യുഎസ് ചുമത്തിയ തീരുവ. അതേസമയം, വിലക്കിഴിവിൽ ലഭിക്കുന്ന റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് കുറയ്ക്കണമെന്ന് യുഎസും യൂറോപ്യൻ യൂണിയനും യുകെയും ഇന്ത്യയോട് ആവശ്യപ്പെടുന്നുണ്ട്. ഈ വ്യാപാരം യുക്രൈനിലെ റഷ്യൻ യുദ്ധത്തിന് സാമ്പത്തിക സഹായം നൽകുന്നുവെന്നാണ് അവരുടെ വാദം

ഇടയ്ക്കിടെയുള്ള തർക്കങ്ങൾക്കിടയിലും വ്യാപാര ചർച്ചകളിൽ ഇരുപക്ഷവും സ്ഥിരമായ പുരോഗതി കൈവരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. 2030-ഓടെ ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറായി ഉയർത്തുക എന്നതാണ് ലക്ഷ്യം. സാമ്പത്തിക ബന്ധങ്ങളും വർധിച്ച അമേരിക്കൻ നിക്ഷേപവും ചർച്ച ചെയ്യുന്നതിനായി ഈ മാസം ആദ്യം നിയുക്ത യുഎസ് അംബാസഡർ സെർജിയോ ഗോർ ന്യൂഡൽഹിയിൽ വച്ച് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *