
തൃശ്ശൂർ: കോർപറേഷൻ മേയർ എം.കെ. വർഗീസ് ബിജെപിയിലേക്കെത്തുമെന്ന സൂചന നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോർപറേഷൻ ഭരണവും തൃശ്ശൂർ എംഎൽഎ സ്ഥാനവും പാർട്ടി പിടിക്കുമെന്ന് മന്ത്രി വിവിധയിടങ്ങളിലെ യോഗങ്ങളിൽ ആവർത്തിക്കുന്നുണ്ട്. തൃശ്ശൂരിൽ കുറച്ചുനാളായി മന്ത്രി നടത്തുന്ന ഗ്രാമങ്ങളിലെ കലുങ്ക് സംവാദത്തിലും നഗരങ്ങളിലെ എസ്ജി കോഫി ടൈംസിലുമാണ് ഇക്കാര്യം സൂചിപ്പിച്ചത്.
ഞായറാഴ്ച തൃശ്ശൂർ നഗരത്തിൽ നടത്തിയ കോഫി ടൈംസിലും മേയറോട് അനുഭാവപൂർണമായ വാക്കുകളാണ് സുരേഷ് ഗോപി ഉപയോഗിച്ചത്. കോർപറേഷൻ സ്റ്റേഡിയത്തിന് കേന്ദ്രം നൽകിയ 19 കോടി രൂപയ്ക്ക് ഭരണാധികാരികൾ തുരങ്കം വച്ചു. കളക്ടറുടെ റിപ്പോർട്ട് പ്രകാരം പണം അനുവദിക്കാൻ നടപടി സ്വീകരിക്കുകയാണിപ്പോൾ. പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചത് മേയർ അല്ല. അദ്ദേഹം ഇതിനെതിരേ എന്തെങ്കിലും ചെയ്തു എന്നൊരിക്കലും പറയില്ല. അദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥ തനിക്കറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു.
കോർപറേഷനും കോർപറേഷൻ ഇരിക്കുന്ന തൃശ്ശൂർ നിയമസഭാ സീറ്റും ബിജെപിക്ക് തരണമെന്ന് സുരേഷ് ഗോപി പലയിടങ്ങളിലെ യോഗങ്ങളിൽ ആവശ്യപ്പെട്ടു. സുരേഷ് ഗോപി തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായി വോട്ടു ചോദിച്ചെത്തിയപ്പോൾ തുടങ്ങിയതാണ് മേയർ അദ്ദേഹത്തോട് അനുഭാവം കാണിക്കുന്നെന്ന ആരോപണം. വോട്ടു ചോദിച്ചെത്തിയപ്പോൾ മേയർ നടത്തിയ അനുകൂല പ്രസ്താവനകൾ വിവാദമുണ്ടാക്കി. സുരേഷ് ഗോപി ഏറ്റവും നല്ല സ്ഥാനാർഥിയാണെന്നും എംപിയാകാൻ ഫിറ്റ് ആണെന്നും തൃശ്ശൂരിന്റെ വികസന സാധ്യതകളെപ്പറ്റി ബോധമുള്ള വ്യക്തിയാണെന്നുമായിരുന്നു മേയറുടെ പരസ്യപ്രസ്താവന. തൃശ്ശൂരിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഇഞ്ചോടിഞ്ച് മുറുകി നിൽക്കുമ്പോൾ ഇത്തരം പ്രസ്താവനകൾ രൂക്ഷ വിമർശനത്തിനിടയാക്കി. പിന്നീട് മേയർ ഇതു തിരുത്തി.
വലിയ ഭൂരിപക്ഷത്തിന് സുരേഷ് ഗോപി ജയിച്ചതോടെ തൊട്ടടുത്ത എതിർസ്ഥാനാർഥി സിപിെഎയിലെ വി.എസ്. സുനിൽകുമാർ മേയർക്കെതിരേ രംഗത്തെത്തി. മേയറെ സ്ഥാനത്തുനിന്നു നീക്കണമെന്നായിരുന്നു ആവശ്യം. അത് നടന്നില്ല. കോർപറേഷന്റെ ആയുഷ്മാൻഭാരത് ഉദ്ഘാടനച്ചടങ്ങിൽ മേയർ വീണ്ടും സുരേഷ് ഗോപിയെ പ്രശംസിച്ചു. സുരേഷ് ഗോപി തിരിച്ചും മേയറെ പ്രശംസിച്ചു. മേയർ നിലപാട് തിരുത്തണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടെങ്കിലും മേയർ തയ്യാറായില്ല. സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ടതോടെ ബിജെപിയിലേക്ക് ഇല്ലെന്ന് മേയർ പത്രസമ്മേളനം വിളിച്ച് അറിയിച്ചു. പ്രശ്‌നം തീർന്നിരിക്കേയാണ് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കെ. സുരേന്ദ്രൻ മേയറെ സന്ദർശിച്ച് കേയ്ക്ക് കൈമാറിയത്.
മേയർ സ്ഥാനത്തേക്ക് ഇനിയില്ലെന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ മൂന്നു മാസം വിശ്രമമാണെന്നുമാണ് മേയർ പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പു കഴിഞ്ഞ് മൂന്നുമാസമായാൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കമായി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതനായി മത്സരിച്ചു ജയിച്ച വർഗീസ് എൽഡിഎഫിലെത്തി ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ ഭരണം നേടിയാണ് മേയറായത.
Courtesy: Mathrubhumi.com
