വെള്ളക്കുപ്പിക്ക് 100, കാപ്പിക്ക് 700; ഇങ്ങനെയായാല്‍ തിയേറ്ററുകള്‍ കാലിയാകും- സുപ്രീംകോടതി.

ന്യൂഡൽഹി: സിനിമാ ടിക്കറ്റിനും ഭക്ഷണത്തിനും വെള്ളത്തിനുമുൾപ്പെടെ മൾട്ടിപ്ലെക്സ് തിയേറ്ററുകൾ ഈടാക്കുന്ന അമിത നിരക്കിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. വെള്ളക്കുപ്പിക്ക് നൂറ് രൂപയും കാപ്പിക്ക് 700 രൂപയുമൊക്കെയാണ് മൾട്ടിപ്ലെക്സുകൾ ഈടാക്കുന്നത്. ഇതിന് പരിധി നിശ്ചയിച്ചില്ലെങ്കിൽ സിനിമാ തിയേറ്ററുകൾ കാലിയാകുന്ന അവസ്ഥയുണ്ടാകുമെന്ന് ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പുനൽകി.

മൾട്ടിപ്ലെക്സുകളിലെ ടിക്കറ്റുകൾക്ക് സമഗ്രമായ ഓഡിറ്റിങ് നടത്തണമെന്ന കർണാടക ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. മൾട്ടിപ്ലെക്സുകളിലെ ടിക്കറ്റിന് പരമാവധി നിരക്ക് 200 രൂപയായി നിശ്ചയിച്ച കർണാടസർക്കാരിന്റെ തീരുമാനമാണ് ഹൈക്കോടതിയിൽ ചോദ്യംചെയ്തത്.

സിനിമ പ്രതിസന്ധി നേരിടുകയാണെന്നും ഈ സാഹചര്യത്തിൽ ജനങ്ങൾക്ക് യുക്തിസഹമായ നിരക്കിൽ വന്ന് ആസ്വദിക്കാൻ അവസരമൊരുക്കുകയാണ് വേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു. മൾട്ടിപ്ലെക്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ളവരുടെ ഹർജിയിൽ കർണാടക സ്റ്റേറ്റ് ഫിലിം ചേംബർ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസയച്ചു.

2025-ലെ കർണാടക സിനിമാസ് (നിയന്ത്രണം)(ഭേദഗതി) ചട്ടമാണ് കേസിനാധാരം. ഈ ചട്ടത്തിലാണ് മൾട്ടിപ്ലെക്സിലെ ടിക്കറ്റ് നിരക്ക് പരമാവധി 200 രൂപയാക്കിയത്. ഹൈക്കോടതി സിംഗിൾ ബെഞ്ച് ചട്ടം നടപ്പാക്കുന്നത് സ്റ്റേ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *