തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടങ്ങൾ ചൂട് പകർന്നുകൊണ്ട് തദ്ദേശ തിരഞ്ഞെടുപ്പിന് തീയതി കുറിച്ചു. ഡിസംബർ 9,11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ്. ഡിസംബർ 13ന് വോട്ടെണ്ണൽ നടക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജാഹാനാണ് പ്രഖ്യാപനം നടത്തിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾ ഒന്നാംഘട്ടത്തിൽ ഡിസംബർ 9ന് ബൂത്തിലേക്ക് പോകും. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകൾ രണ്ടാംഘട്ടത്തിലും.
നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 21നാണ്. നാമനിർദേശ പത്രികയുടെ സൂക്ഷമ പരിശോധന നവംബർ 22ന് നടക്കും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24-ാണ്.
മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു. വ്യാജ വാർത്തകൾ നിരീക്ഷിക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക നവംബർ 14-ന് പ്രസിദ്ധീകരിക്കുമെന്നും കമ്മിഷണർ അറിയിച്ചു. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
കാലാവധി പൂർത്തിയായിട്ടില്ലാത്ത മട്ടന്നൂർ ഒഴികെയുള്ള 1199 തദ്ദേശസ്ഥാപങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കാൻ പോകുന്നത്. വാർഡുവിഭജനത്തിനുശേഷം ആകെ 23,612 വാർഡുകളാണുള്ളത്. മുൻപ് 21,900 ആയിരുന്നു. മട്ടന്നൂരിലെ 36 ഒഴിവാക്കി 23,576 വാർഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കേണ്ടത്.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സെമിഫൈനലായി ഉൾക്കൊണ്ട്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജീവന്മരണപ്പോരാട്ടമായി ഏറ്റെടത്തിരിക്കുകയാണ്! മുന്നണികൾ. നേരത്തെ സ്ഥാനർഥികളെ പ്രഖ്യാപിച്ച് യുഡിഎഫ് മുന്നിലോടുന്നുണ്ട്. സർക്കാരിന്റെ വികസനനേട്ടം പ്രചാരണായുധമാക്കി ഇറങ്ങാനാണ് എൽഡിഎഫിൻ്റെ ലക്ഷ്യം. നിയമസഭയിൽ എട്ടുസീറ്റെങ്കിലും ലക്ഷ്യമിടുന്ന എൻഡിഎ ആദ്യപടിയായി തദ്ദേശതിരഞ്ഞെടുപ്പിൽ പരമാവധി വോട്ടും സീറ്റും ഉറപ്പിക്കാനുള്ള പ്രവർത്തനത്തിലാണ്
Courtesy: manorama news
