ചെന്നൈ: കേരളത്തിനും തമിഴ്നാടിനും പുറമേ കർണാടക, ആന്ധ്രപ്രദേശ്, പുതുച്ചേരി, തെലങ്കാന സംസ്ഥാനങ്ങളിൽനിന്നുള്ള സ്വകാര്യ ബസുകളും തിങ്കളാഴ്ച മുതൽ അന്തഃസംസ്ഥാന സർവീസുകൾ നിർത്തിവെച്ചു. സംസ്ഥാനാതിർത്തി കടക്കുന്നതിന് അമിത നികുതി ഈടാക്കുന്നു എന്നാരോപിച്ചാണ് സമരം.
തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്കുള്ള സ്വകാര്യബസുകൾ വെള്ളിയാഴ്ച മുതൽ സർവീസ് നിർത്തിവെച്ചിരിക്കുകയാണ്. കേരളത്തിൽനിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കുള്ള സ്വകാര്യബസുകൾ ഓടില്ലെന്ന് ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടർച്ചയായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സ്വകാര്യബസുടമകളുടെ എട്ട് സംഘടനകൾ മറ്റു സംസ്ഥാനങ്ങളിലേക്കുള്ള സർവീസുകൾ തിങ്കളാഴ്ചമുതൽ പൂർണമായി നിർത്തുകയായിരുന്നു.
ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്ത് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽനിന്ന് റോഡ് നികുതിക്കുപുറമേ അയൽ സംസ്ഥാനങ്ങൾ നികുതിയീടാക്കുന്നതിൽ പ്രതിഷേധിച്ചാണ് സമരം. ഓരോ സംസ്ഥാനത്തിനും പ്രത്യേകം നികുതിയടയ്ക്കുന്നത് ഒഴിവാക്കുന്നതിന് ഓംനി ബസുകൾക്ക് കേന്ദ്രം പ്രത്യേക പെർമിറ്റ് അനുവദിക്കണമെന്ന് തമിഴ്നാട് ഓംനി ബസ് ഓണേഴ്സ് അസോസിയേഷൻ അസോസിയേഷൻ പ്രസിഡന്റ് എ. അൻപഴകൻ ആവശ്യപ്പെട്ടു. ബസുടമകളുമായി തമിഴ്നാട് ഗതാഗതമന്ത്രി എസ്.എസ്. ശിവശങ്കർ തിങ്കളാഴ്ച ചർച്ച നടത്തിയെങ്കിലും തീരുമാനമൊന്നുമുണ്ടായിട്ടില്ല.
മൂന്നുമാസത്തേക്ക് 90,000 രൂപ നൽകിയാണ് ബസുകൾ ഓൾ ഇന്ത്യ പെർമിറ്റ് എടുക്കുന്നതെന്ന് തമിഴ്നാട് ഓംനി ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എ. അൻപഴകൻ പറഞ്ഞു. തമിഴ്നാട് റോഡ് ടാക്സായി ഒന്നരലക്ഷം രൂപ ഈടാക്കുന്നുണ്ട്.
ഇതേ ബസ് കേരളത്തിലേക്കോ തമിഴ്നാട്ടിലേക്കോ പ്രവേശിക്കുമ്പോൾ രണ്ടു ലക്ഷം രൂപയോളം വീണ്ടും നൽകണം. ഇത് അമിതഭാരമാണെന്നാണ് ബസുടമകൾ പറയുന്നത്.
Courtesy: Mathrubhumi
