ന്യൂഡല്‍ഹി: ഇസ്ലാമാബാദിലെ സ്‌ഫോടനത്തെ ന്യൂഡല്‍ഹിയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ആരോപണങ്ങള്‍ തള്ളി ഇന്ത്യ. ഇത് ആ രാജ്യത്തെ ‘വിഭ്രാന്തിയിലായ’ നേതൃത്വം വ്യാജമായ കഥകള്‍ മെനയാന്‍ ഉപയോഗിക്കുന്ന തന്ത്രമാണെന്നും ഇന്ത്യ പറഞ്ഞു.
പാക് തലസ്ഥാന നഗരിയിലെ കോടതിക്ക് പുറത്തുണ്ടായ സ്ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് ‘ഇന്ത്യന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന’ ഗ്രൂപ്പുകള്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്ന് ഷഹബാസ് ഷെരീഫ് ആരോപിച്ചത്.
‘വിഭ്രാന്തിയിലായ പാക് നേതൃത്വം ഉന്നയിക്കുന്ന അടിസ്ഥാനരഹിതവും കഴമ്പില്ലാത്തതുമായ ആരോപണങ്ങളെ ഇന്ത്യ നിസ്സംശയം തള്ളിക്കളയുന്നു,’ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
അക്രമി കോടതി സമുച്ചയത്തിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കെട്ടിടത്തിന്റെ ഗേറ്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന പോലീസ് വാഹനത്തിനടുത്ത് വെച്ച് സ്‌ഫോടകവസ്തുക്കള്‍ പൊട്ടിക്കുകയായിരുന്നു എന്നാണ് ഇസ്ലാമാബാദിലെ സ്ഫോടനത്തെക്കുറിച്ച് പാകിസ്താന്‍ ആഭ്യന്തരമന്ത്രി മൊഹ്സിന്‍ നഖ്വി പറഞ്ഞത്.
ഇസ്ലാമാബാദ് ജില്ലാ കോടതിയുടെ പ്രവേശന കവാടത്തിന് സമീപത്തായാണ് സ്‌ഫോടനം ഉണ്ടായത്. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം.
