വാഷിങ്ടൺ: റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വലിയ തോതില്‍ കുറച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചുകൊണ്ടുള്ള കണക്കുകള്‍ പുറത്ത്. അമേരിക്ക അധിക ചുങ്കം ചുമത്തിയതിന് പിന്നാലെ റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറച്ചെന്നായിരുന്നു ട്രംപിന്റെ വാദം. സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ (CREA) ആണ് ഇതുസംബന്ധിച്ച ഒക്ടോബർ മാസത്തെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഒക്ടോബറില്‍ റഷ്യന്‍ ക്രൂഡ് ഓയിലിന്റെ രണ്ടാമത്തെ വലിയ ഉപഭോക്താവായി ഇന്ത്യ തുടര്‍ന്നുവെന്നാണ് കണക്കുകളെ ഉദ്ധരിച്ച് CREA പറയുന്നത്. 3.1 ബില്യണ്‍ യൂറോയുടെ ഉല്‍പ്പന്നങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഉപരോധം നേരിടുന്ന റഷ്യയില്‍നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയില്‍ മുന്നില്‍ ക്രൂഡ് ഓയില്‍ ആണ്. 81% ആയിരുന്നു ഇറക്കുമതി. രണ്ടാംസ്ഥാനത്ത് 11% ആയി കല്‍ക്കരിയാണുള്ളത്. എണ്ണ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി 7% ആണ്.
ഈ കണക്കുകള്‍വെച്ച് നോക്കുമ്പോള്‍, റഷ്യയില്‍നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് 11% വര്‍ധനയുണ്ടായി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് മൊത്തം ഇറക്കുമതിയിലെ 8% വര്‍ധനയുമായി ഏറെക്കുറെ യോജിക്കുന്നതാണ്. ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും സ്വകാര്യ റിഫൈനറികളുടേത് ആയിരുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റിഫൈനറികള്‍ ഒക്ടോബറില്‍ റഷ്യയില്‍നിന്നുള്ള ഇറക്കുമതി ഇരട്ടിയാക്കി.
പുതിയ ചുങ്കത്തിന്റെ പശ്ചാത്തലത്തില്‍, ഇനിയങ്ങോട്ടുള്ള എണ്ണ വാങ്ങല്‍ കുറയ്ക്കാന്‍ കമ്പനികള്‍ പദ്ധതിയിട്ടിരിക്കാം. എന്നാല്‍, ഇതിനകം കരാര്‍ ചെയ്ത ചരക്കുകളുടെ വേഗത്തിലുള്ള കയറ്റുമതിയെയാവാം ഈ വര്‍ധന സൂചിപ്പിക്കുന്നത് എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സെപ്റ്റംബറില്‍ ഇന്ത്യയുടെ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി 77% (2.5 ബില്യണ്‍ യൂറോ) ആയിരുന്നു. കല്‍ക്കരി 13% (452 ദശലക്ഷം യൂറോ), എണ്ണ ഉല്‍പ്പന്നങ്ങള്‍ 10% (344 ദശലക്ഷം യൂറോ) എന്നിങ്ങനെയായിരുന്നു മറ്റു കണക്കുകള്‍.
യുക്രൈനെതിരായ റഷ്യയുടെ യുദ്ധത്തിന് വലിയ തോതില്‍ പണം നല്കുന്ന റഷ്യന്‍ എണ്ണക്കമ്പനികളായ ലുക്കോയില്‍, റോസ്നെഫ്റ്റ് എന്നിവയ്ക്ക് മേല്‍ കഴിഞ്ഞ മാസം യുഎസ് ഉപരോധം ഏര്‍പ്പെടുത്തി. ഈ ഉപരോധങ്ങള്‍ ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി തന്ത്രത്തെ ബാധിച്ചുവെന്ന് വിദഗ്ധര്‍ പറയുന്നു.
രാജ്യത്തിനു വേണ്ട ക്രൂഡ് ഓയിലിൽ ഏകദേശം 90% ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക്, സമീപഭാവിയിൽ കൂടുതൽ തടസ്സങ്ങൾ നേരിടേണ്ടി വരും. CREAയുടെ വിശകലനം അനുസരിച്ച്, ഒക്ടോബറിൽ റഷ്യയുടെ യുറാൽസ് ക്രൂഡിന്റെ ശരാശരി വില 4% കുറഞ്ഞ് ബാരലിന് 59 ഡോളറായി. ഇത് ബാരലിന് 47.6 ഡോളർ എന്ന പുതിയ വിലപരിധിക്ക് മുകളിലാണ്. യുക്രൈൻ അധിനിവേശത്തിന് ശേഷം 2022 മുതൽ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വിതരണം ചെയ്യുന്ന രാജ്യമായി റഷ്യ മാറി. പാശ്ചാത്യ ഉപരോധങ്ങളെയും ജി7 വിലപരിധിയെയും മറികടക്കാൻ മോസ്കോ തങ്ങളുടെ ക്രൂഡ് ഓയിലിന് വലിയ വിലക്കിഴിവുകൾ നൽകാൻ തുടങ്ങിയതാണ് ഇതിന് കാരണം.
റഷ്യയിൽ നിന്നുള്ള നേരിട്ടുള്ള ഇറക്കുമതിയിലെ കുറവ് നികത്താൻ ഇന്ത്യൻ റിഫൈനറികൾ മിഡിൽ ഈസ്റ്റ്, ബ്രസീൽ, ലാറ്റിൻ അമേരിക്ക, പശ്ചിമാഫ്രിക്ക, കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽനിന്ന് സംഭരണം വർധിപ്പിക്കുമെന്നാണ് വിദഗ്ധർ കരുതുന്നത്.
