
മഹാരാഷ്ട്ര വിരാറിൽ ബുധനാഴ്ച പുലർച്ചെ അനധികൃതമായി നിർമ്മിച്ച നാല് നില കെട്ടിടത്തിന്റെ പിൻഭാഗം തൊട്ടടുത്തുള്ള ഒഴിഞ്ഞ ചാലിൽ തകർന്നുവീണ് മരിച്ചവരുടെ എണ്ണം 17 ആയി. സംഭവത്തിൽ കൊല്ലപ്പെട്ടവരിൽ ഒരു സ്ത്രീയും അവരുടെ ഒരു വയസ്സുള്ള മകളും ഉൾപ്പെടുന്നു, മറ്റ് ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വസായ് വിരാർ മുനിസിപ്പൽ കോർപ്പറേഷൻ (വിവിഎംസി) ‘നിയമവിരുദ്ധം’ എന്ന് പ്രഖ്യാപിച്ച കെട്ടിടം പുലർച്ചെ 12.05 ന് തകർന്നുവീണു.
അതേസമയം, വിവിഎംസി പരാതി നൽകിയതിനെ തുടർന്ന് കെട്ടിട ഉടമയായ നിതൽ ഗോപിനാഥ് സാനെ പോലീസ് അറസ്റ്റ് ചെയ്തു. ഭൂവുടമയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. മഹാരാഷ്ട്ര റീജിയണൽ ആൻഡ് ടൗൺ പ്ലാനിംഗ് (എംആർടിപി) ആക്ടിലെ സെക്ഷൻ 52, 53, 54, ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 105 എന്നിവ പ്രകാരമുള്ള ലംഘനങ്ങളാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
