തിരുവനന്തപുരം തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു മുന്നോടിയായി വൻ പ്രഖ്യാപനങ്ങളുമായി സർക്കാർ. സാമൂഹ്യക്ഷേമ പെൻഷൻ 1600 രൂപയിൽനിന്ന് 2000 രൂപയായി വർധിപ്പിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാർ, പെൻഷൻകാർ എന്നിവർക്കു നൽകാനുള്ള ഒരു ഗഡു ഡിഎ കുടിശിക 4% നവംബറിലെ ശമ്പളത്തിനൊപ്പം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആശാവർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1,000 രൂപ വർധിപ്പിച്ചു. ഇതുവരെയുള്ള കുടിശികയും നൽകും. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നത് അടക്കം വിവിധ പദ്ധതികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പദ്ധതികളും ആനുകൂല്യങ്ങളും കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും.
സാമൂഹ്യ ക്ഷേമ പദ്ധതികളിൽ ഗുണഭോക്താക്കൾ അല്ലാത്ത ട്രാൻസ് വനിതകൾ അടക്കമുള്ള പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് എല്ലാ മാസവും സാമ്പത്തിക സഹായം. 35 മുതൽ 60 വയസ്സ് വരെയുള്ള, നിലവിൽ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കാത്ത എഎവൈ (മഞ്ഞക്കാർഡ്), പിഎച്ച്എച്ച് (മുൻഗണനാ വിഭാഗം-പിങ്ക് കാർഡ്) വിഭാഗത്തിൽപെട്ട സ്ത്രീകൾക്ക് മാസം 1,000 രൂപ വീതം സ്ത്രീ സുരക്ഷ പെൻഷൻ അനുവദിക്കും. 31.34 ലക്ഷം സ്ത്രീകളായിരിക്കും ഈ പദ്ധതിയുടെ ഗുണഭോക്താക്കൾ. പ്രതിവർഷം 3,800 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ ചെലവിടുക.
യുവതലമുറയ്ക്കായി സ്കോളർഷിപ്പ്
വിദ്യാർഥികൾക്ക് മികച്ച ജോലി ലഭിക്കാൻ സാമ്പത്തിക സഹായം നൽകുന്ന പദ്ധതി ആരംഭിക്കും. പ്രതിവർഷ കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള പ്ലസ് ടു/ഐടിഐ/ഡിപ്ലോമ/ഡിഗ്രി പഠനത്തിനു ശേഷം വിവിധ നൈപുണ്യ കോഴ്സുകളിൽ പഠിക്കുന്നവരോ വിവിധ ജോലി /മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നവരോ ആയ 18 മുതൽ 30 വയസ്സ് വരെയുള്ള യുവതി/യുവാക്കൾക്ക് പ്രതിമാസം 1,000 രൂപ വീതം ധനസഹായം നൽകും.
കണക്ട് ടു വർക്ക് സ്കോളർഷിപ്പ് എന്ന പേരിലുള്ള ഈ പദ്ധതിയിൽ 5 ലക്ഷം യുവതീ യുവാക്കൾ ഗുണഭോക്താക്കൾ ആകും. പ്രതിവർഷം 600 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ നീക്കിവെക്കുന്നത
കുടുംബശ്രീ എഡിഎസുകൾക്കുള്ള പ്രവർത്തന ഗ്രാൻ്റ്
കുടുംബശ്രീയുടെ സംസ്ഥാനത്ത് ആകെയുള്ള 19,470 എഡിഎസ്സുകൾക്ക് എഡിഎസ് (ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി)കൾക്കുള്ള പ്രവർത്തന ഗ്രാന്റ് ആയി പ്രതിമാസം 1,000 രൂപ നൽകും. പ്രതിവർഷം 23.4 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ നീക്കിവയ്ക്കുന്നത്.
അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിമാസ ഓണറേറിയം 1000 രൂപ വീതം വർധിപ്പിക്കും. 66,240 പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
സാക്ഷരത പ്രേരക്മാരുടെ (തുടർ വിദ്യാകേന്ദ്രം/നോഡൽ പ്രേരക്മാർ) പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിക്കും. ഇവർക്ക് ഇതുവരെയുള്ള കുടിശികയും നൽകും.
. സംസ്ഥാനത്ത് ആകെ 13,327 പാചക തൊഴിലാളികളാണ് ഉള്ളത്.
ഇവരുടെ പ്രതിദിന കൂലി വർധിപ്പിക്കും. 1100 രൂപയുടെ വർധനയാണ് മാസം ഉണ്ടാകുക.
. പ്രീ പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും പ്രതിമാസ വേതനം 1000 രൂപ വർധിപ്പിച്ചു.
. ഗെസ്റ്റ് ലക്ചറർമാരുടെ മാസ വേതനം പരമാവധി 2000 രൂപ വർധിപ്പിച്ചു.
. റബർ ഉൽപാദന ഇൻസെന്റീവ് പദ്ധതി പ്രകാരം റബർ കർഷകർക്ക് നൽകി വരുന്ന റബറിൻ്റെ താങ്ങുവില കിലോഗ്രാമിന് 180 രൂപയിൽ നിന്നും 200 രൂപയാക്കി ഉയർത്തും.
