തൃശൂർ : സേവാഭാരതിയും ഊരകം സഞ്ജീവനി സമിതിയും ചേർന്ന് പാവപ്പെട്ട രോഗികൾക്കായി നിർമ്മിച്ച ഡയാലിസിസ് കേന്ദ്രം കല്യാൺ സിൽക്സ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന ആർ.എസ്.എസ് പ്രചാരക് എസ്. സേതുമാധവൻ സേവന സന്ദേശം നൽകി. ഡയാലിസിസ് കേന്ദ്രത്തിൽ 10 കിടക്കകളും 4 മെഷീനുകളും സജ്ജീകരിച്ചിരിക്കുന്നു. ദരിദ്രരായ രോഗികൾക്ക് ഇവിടെ ഡയാലിസിസ് പൂർണ്ണമായും സൗജന്യമായി നൽകും. ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിഷ് കള്ളിയത്ത് അധ്യക്ഷത വഹിച്ചു. ആത്രേയ ആശുപത്രി മാനേജിംഗ് ഡയറക്ടർ രാംകുമാർ മേനോൻ ധാരണാപത്രം കൈമാറി. ചടങ്ങിൽ ഭീമ ജ്വല്ലേഴ്സ് ആദ്യ സാമ്പത്തിക സംഭാവന സമർപ്പിച്ചു. പാലാഴി ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി ശാന്താനന്ദ സരസ്വതി, സേവാഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ശ്രീറാം ശങ്കർ, പെരുവനം കുട്ടൻ മാരാർ, ആർഎസ്എസ് ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എൻ.ഈശ്വരൻ, സേവാഭാരതി ജില്ലാ വൈസ് പ്രസിഡൻ്റ് ഡോ.റിഷിൻ സുമൻ, സഞ്ജീവനി സമിതി പ്രസിഡൻ്റ് കെ.ജി.അച്യുതൻ, വൈസ് പ്രസിഡൻ്റ് ടി. എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

