26/11;’അന്ന് പാകിസ്താന് തിരിച്ചടി നല്‍കണമെന്ന് എനിക്ക് തോന്നിയിരുന്നു; യുഎസ്  ഞങ്ങളെ തടഞ്ഞു’:പി.ചിദംബരം.

ന്യൂഡല്‍ഹി: 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ശക്തമായ അന്താരാഷ്ട്ര സമ്മര്‍ദ്ദവും വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാടും കാരണം അന്നത്തെ യുപിഎ സര്‍ക്കാര്‍ പാകിസ്താനെതിരെ തിരിച്ചടിക്കേണ്ടെന്ന് തീരുമാനിച്ചതായി മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തിന്റെ വെളിപ്പെടുത്തല്‍.

‘പ്രതികാരം ചെയ്യാന്‍ മനസ്സില്‍ തോന്നിയിരുന്നു’ എങ്കിലും സര്‍ക്കാര്‍ സൈനിക നടപടിക്ക് മുതിര്‍ന്നില്ലെന്ന് ചിദംബരം വ്യക്തമാക്കി. പരാമര്‍ശങ്ങളെ വിമര്‍ശിച്ചും പരിഹസിച്ചും ബിജെപി നേതാക്കള്‍ രംഗത്തെത്തി.

175 പേരുടെ ജീവനാണ് മുംബൈ ഭീകരാക്രമണത്തില്‍ അപഹരിക്കപ്പെട്ടത്. സംഭവത്തിന് പിന്നാലെ ആഭ്യന്തര മന്ത്രിയായിരുന്ന ശിവരാജ് പാട്ടില്‍ രാജി വയ്ക്കുകയും ചിദംബരം ചുമതലയേല്‍ക്കുകയും ചെയ്തു.

ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചിദംബരത്തിന്റെ വെളിപ്പെടുത്തലുകള്‍. ‘യുദ്ധം തുടങ്ങരുത് എന്ന് ഞങ്ങളോട് പറയാന്‍ ലോകം മുഴുവന്‍ ഡല്‍ഹിയിലേക്ക് ഒഴുകിയെത്തി’ എന്നും ചിദംബരം പറഞ്ഞു.

‘ഞാന്‍ ചുമതലയേറ്റെടുത്ത് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്ക് ശേഷം, അന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കോണ്ടലീസ റൈസ് എന്നെയും പ്രധാനമന്ത്രിയെയും കാണാന്‍ എത്തി. ദയവായി പ്രതികരിക്കരുത്, എന്ന് പറയാനായിരുന്നു അത്. ഇത് സര്‍ക്കാര്‍ എടുക്കേണ്ട തീരുമാനമാണെന്ന് ഞാന്‍ പറഞ്ഞു. ഒരു ഔദ്യോഗിക രഹസ്യവും വെളിപ്പെടുത്താതെ പറയുകയാണെങ്കില്‍, എന്തെങ്കിലും ഒരു തിരിച്ചടി നല്‍കണമെന്ന് എന്റെ മനസ്സിലും തോന്നിയിരുന്നു’ചിദംബരം പറഞ്ഞു.

സാധ്യമായ ഒരു തിരിച്ചടിയെക്കുറിച്ച് പ്രധാനമന്ത്രിയുമായും മറ്റുള്ള പ്രധാന വ്യക്തികളുമായും താന്‍ ചര്‍ച്ച ചെയ്തിരുന്നതായി ചിദംബരം തുടര്‍ന്നു പറഞ്ഞു.

‘ആക്രമണം നടന്നുകൊണ്ടിരിക്കുമ്പോള്‍ പോലും പ്രധാനമന്ത്രി ഇതേക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു… വിദേശകാര്യ മന്ത്രാലയത്തിന്റെയും ഐഎഫ്എസിന്റെയും വലിയ സ്വാധീനത്താല്‍, ഈ സാഹചര്യത്തോട് നമ്മള്‍ സൈനികമായി പ്രതികരിക്കരുത് എന്ന നിഗമനത്തിലാണ് എത്തിയത്’ ചിദംബരം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *