കാറിൽ ലിഫ്റ്റ് കൊടുക്കാൻ പാടില്ല, കാറിലിരുന്നുള്ള പുകവലി തെറ്റ്; നിയമങ്ങൾ അറിഞ്ഞില്ലെങ്കിൽ വൻ പിഴ.

വാഹനം ഓടിക്കുമ്പോൾ ചില തെറ്റുകളെങ്കിലും നമ്മളിൽ പലരും അറിവില്ലായ്മകൊണ്ടു ചെയ്യുന്നതാണ്. നിയമം അറിയില്ലെന്നത് ശിക്ഷയിൽ നിന്നു രക്ഷപ്പെടാനുള്ള പഴുതുമല്ല. ഇന്ത്യക്കകത്തു തന്നെ ചില സംസ്ഥ‌ാനങ്ങളിലും നഗരങ്ങളിലും പ്രത്യേകം ട്രാഫിക് നിയന്ത്രണങ്ങളും നിയമങ്ങളുമുണ്ട്. അവയെക്കുറിച്ച് ഏകദേശ ധാരണ ഉണ്ടാവുന്നത് അനാവശ്യ പൊല്ലാപ്പുകളിൽ നിന്ന് ഒഴിവാകാൻ സഹായിക്കും.

ഗതാഗത തടസം…

ജാഥകളും ഉത്സവങ്ങളുമൊക്കെ പലപ്പോഴും ഗതാഗത തടസമുണ്ടാക്കാറുള്ളതല്ലേ. നമുക്കും കുറച്ചൊക്കെ ഗതാഗത തടസം ഉണ്ടാക്കിയേക്കാം എന്ന പൊട്ടബുദ്ധി ആർക്കെങ്കിലും തോന്നിയാൽ നിയമത്തിന്റെ പിടി വീഴും. കാരണം പൊതുപരിപാടികളും പ്രതിഷേധങ്ങളും ആഘോഷങ്ങളുമൊക്കെ നേരത്തെ പൊലീസ് സ്റ്റേഷനിൽ അറിയിച്ച് അനുമതി വാങ്ങിയാണ് നടത്തുക.
പൊതു പാർക്കിങ് സ്‌ഥലങ്ങളിലും മറ്റും മറ്റു വാഹനങ്ങളുടെ വഴി തടസപ്പെടുത്തിക്കൊണ്ട് വാഹനം പാർക്കു ചെയ്യുന്നത് നിയമപരമായി തെറ്റാണ്. പരാതി ലഭിച്ചാൽ പൊലീസെത്തി പിഴ ഈടാക്കാനും സാധ്യതയുണ്ട്.

ഫസ്റ്റ് എയ്ഡ് ഇല്ലേ…

ചെന്നൈയിലും കൊൽക്കത്തയിലുമാണ് ഫസ്‌റ്റ് എയ്‌ഡ് വാഹനങ്ങളിൽ നിർബന്ധമാക്കിയിരിക്കുന്നത്. ഇവിടെ വാഹനാപകടത്തിന്റെ സമയത്ത് അപകടത്തിൽ പെടുന്ന വാഹനങ്ങളിൽ ഫസ്‌റ്റ് എയ്ഡ് ഇല്ലെന്ന് തിരിച്ചറിഞ്ഞാൽ 500 രൂപ പിഴയോ മൂന്നു മാസം വരെ തടവോ വരെ ലഭിക്കാം. പുതിയ വാഹനങ്ങളിൽ ഫസ്‌റ്റ് എയ്ഡ് കിറ്റുകൾ ഉണ്ടാകുമെങ്കിലും പിന്നീടങ്ങോട്ട് ഫസ്‌റ്റ്‌ എയ്‌ഡിലെ വസ്തു‌ക്കൾ കുറഞ്ഞു വരികയാണ് പതിവ്. സാമൂഹ്യമായ ഉത്തരാവദിത്വത്തിൻ്റെ പേരിലെങ്കിലും വാഹനത്തിൽ നിർബന്ധമായും സൂക്ഷിക്കേണ്ട ഒന്നാണ് ഫസ്റ്റ് എയ്‌ഡ് കിറ്റുകൾ. നമുക്കു തന്നെ എപ്പോഴാണ് ഇതിന്റെ ആവശ്യം വരികയെന്ന് പറയാനാവില്ലല്ലോ.

കാറിലിരുന്നുള്ള പുകവലി

സ്വന്തം കാർ സ്വകാര്യ സ്‌ഥലമാണെന്ന ധാരണയാണ് പലർക്കും. അതുകൊണ്ടു തന്നെ എന്റെ കാറിലിരുന്ന് ഞാൻ പുകവലിക്കുന്നതുകൊണ്ട് എന്താണ് തെറ്റെന്ന് കരുതുന്നവരുമുണ്ട്. നിങ്ങൾക്ക് അങ്ങനെയൊരു ധാരണയുണ്ടെങ്കിൽ അത് നിയമപരമായി തെറ്റാണ്. പൊതു സ്ഥലത്ത് നിർത്തിയിട്ടിരിക്കുന്ന വാഹനത്തിലിരുന്ന് പുകവലിച്ചാൽ ഡൽഹിയിലും എൻസിആറിലും(നാഷണൽ ക്യാപിറ്റൽ റീജിയൺ) പൊലീസിന് പിഴ വിധിക്കാൻ അധികാരമുണ്ട്.


കാറു കൊടുക്കല്ലേ, കാറിൽ കേറല്ലേ.

ഉടമസ്ഥ‌രല്ലാതെ മറ്റാർക്കെങ്കിലും
കാർ ഓടിക്കാൻ നൽകുന്നുണ്ടെങ്കിൽ
അറിയിക്കണമെന്ന വിചിത്ര നിയമമുണ്ട് ചെന്നൈയിൽ. മൂന്നു
മാസം വരെ തടവും 500 രൂപ വരെ
പിഴയും വിധിക്കാവുന്ന തെറ്റാണിത്. കാർ മോഷണം തുടർച്ചയായപ്പോഴാണ് ചെന്നൈയിൽ വിചിത്രമായ ഈ നിയമം നിലവിൽ വന്നത്. പ്രത്യേകിച്ചും മോഷ്‌ടാക്കളെ കാറുമായി പിടികൂടുമ്പോൾ അത് സുഹൃത്തിന്റെ കാറാണെന്നു പറഞ്ഞ് പൊലീസിനെ കബളിപ്പിക്കുന്നത് പതിവായപ്പോൾ.

അപരിചിതർക്ക് ലിഫ്റ്റ് കൊടുക്കുന്നത് നിയമപരമായി തെറ്റായ രാജ്യമാണ് ഇന്ത്യ. ഹിച്ച് ഹൈക്കിങ് നിയമത്തിന്റെ മുന്നിൽ തെറ്റാണെന്നു ചുരുക്കം.

ഒരുപരിചയവുമില്ലാത്തവരെ നിങ്ങൾ വാഹനത്തിൽ കയറ്റിയാൽ വാഹനത്തെ ടാക്സിയായി ഉപയോഗിക്കുന്നുവെന്ന വ്യാഖ്യാനമാണ് നിയമത്തിന്റെ മുന്നിൽ ഇതൊരു കുറ്റമാക്കി മാറ്റുന്നത്. സ്വകാര്യവാഹനങ്ങൾ ടാക്സിയായി ഉപയോഗിക്കുന്നത് തടയാനും വ്യക്തികളുടെ സുരക്ഷക്കും വേണ്ടിയാണ് ഈ നിയമം നിർമിച്ചിരിക്കുന്നത്.


വാഹനത്തിൽ ടിവി വേണ്ട.

കാറിൽ അധികമായി ടി.വി ഘടിപ്പിച്ചാൽ മുംബൈയിൽ നിയമത്തിന്റെ പിടി വീഴും. നൂറു രൂപ വരെ പിഴ ഈടാക്കാൻ ഈ നിയമലംഘനം മതി. വാഹനത്തിന്റെ ഡാഷ് ബോർഡിൽ ടി.വി പോലുള്ളവ വയ്ക്കുന്നത് ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുമെന്നതാണ് കാരണം. അതേസമയം വാഹന നിർമാതാക്കൾ വയ്ക്കുന്ന ഉപകരണങ്ങൾക്ക് അനുമതിയുണ്ട്. ഇത്തരം ഉപകരണങ്ങളിൽ വാഹനം ഓടി തുടങ്ങുമ്പോൾ മുതൽ വിഡിയോ പ്രവർത്തിക്കുകയില്ല. ഡ്രൈവറുടെ ശ്രദ്ധ തെറ്റാതിരിക്കാൻ വേണ്ടിയാണിത്.

എന്‍ജിന്‍ ഓഫാക്കണം…

മുംബൈയിലെ നിരത്തുകളിൽ വാഹനം ഓഫാക്കാതെ വാഹനത്തിൽ നിന്നു പുറത്തിറങ്ങിയാൽ അതും പിഴയ്ക്ക് കാരണമാണ്. ട്രാഫിക് സിഗ്നലിലായാലും പാർക്കിങ് സ്‌ഥലത്തായാലും വാഹനത്തിൽ നിന്നും ഡ്രൈവർ പുറത്തിറങ്ങുമ്പോൾ ഓഫാക്കണം. അനാവശ്യ ഇന്ധന ചിലവും മലിനീകരണവും ഒഴിവാക്കാനാണ് ഈ നിയമം.

Leave a Reply

Your email address will not be published. Required fields are marked *