തിരുവനന്തപുരം ശബരിമല സ്വർണക്കവർച്ച കേസിൽ എൻ.വാസുവിന് പിന്നാലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മറ്റൊരു പ്രസിഡന്റ് കൂടി അറസ്റ്റിൽ. 2019ൽ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയിരുന്ന എ.പത്മകുമാറിനെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും കോന്നി മുൻ എംഎൽഎയുമാണ് പത്മകുമാർ. പ്രത്യേക കേന്ദ്രത്തിൽ മണിക്കൂറുകൾ ചോദ്യം ചെയ്തതതിനു ശേഷമാണ് എസ്ഐടി പത്മകുമാറിൻ്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ശബരിമല ശ്രീകോവിലിനു മുന്നിലെ കട്ടിളപ്പടിയിലെ സ്വർണം കവർന്ന കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ‌്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് എല്ലാ ഒത്താശയും ചെയ്‌തുകൊടുത്തത് പത്മകുമാറാണെന്ന നിഗമനത്തിലാണ് എസ്ഐടി.
കേസിൽ എട്ടാം പ്രതിയായി പത്മകുമാർ അധ്യക്ഷനായ 2019ലെ ബോർഡിനെ പ്രതി ചേർത്തിരുന്നു. കെ.ടി.ശങ്കർദാസ്, പാലവിള എൻ.വിജയകുമാർ എന്നിവരായിരുന്നു അന്നത്തെ ദേവസ്വം ബോർഡ് അംഗങ്ങൾ. കട്ടിളപ്പാളി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു കൈമാറാൻ എക്സിക്യൂട്ടീവ് ഓഫിസർ നൽകിയ കത്തിൽ പൂശിയ’ ദേവസ്വം കമ്മിഷണർ എൻ.വാസു നൽകിയ ശുപാർശ ദേവസ്വം ബോർഡ് അതേപടി അംഗീകരിക്കുകയായ രുന്നു. ദേവസ്വം ബോർഡിന്റെ അറിവോടെ ആയിരുന്നു തട്ടിപ്പ് എന്നാണ് എൻ.വാസുവിന്റെ റിമാൻഡ് റിപ്പോർട്ടിൽ എസ്ഐടി വ്യക്തമാക്കിയിരുന്നത്. ഡിസംബർ 3ന് ഹൈക്കോടതി കേസ് വീണ്ടും
പരിഗണിക്കുന്നതിനു മുൻപ് പ്രതിപ്പട്ടികയിലുള്ള എല്ലാവരെയും ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് എസ്ഐടി.
ഉണ്ണികൃഷ്ണൻ പോറ്റി, ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, മുൻ എക്സിക്യുട്ടീവ് ഓഫിസർ ഡി. സുധീഷ്‌കുമാർ, മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്.ബൈജു, മുൻ ദേവസ്വം കമ്മിഷണറും പ്രസിഡന്റുമായിരുന്ന എൻ. വാസു തുടങ്ങിയവരാണ് ശബരിമല സ്വർണക്കൊള്ള കേസിൽ ഇതുവരെ അറസ്റ്റിലായത്.
