മുംബൈ: ഗുജറാത്തിലെ സൂറത്തിനും വാപ്പിക്കും ഇടയിലുള്ള 100 കിലോമീറ്ററിൽ 2027 ഓഗസ്റ്റിൽ രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ ഓടുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. പൂർണ സർവീസിന്റെ ആദ്യഘട്ടമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയുടെ ആകെ നീളം 508 കിലോമീറ്ററാണ്. ട്രെയിനുകൾ മണിക്കൂറിൽ 320 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കും. 12 സ്റ്റോപ്പുകൾ ഉള്ളതിനാൽ യാത്രയ്ക്ക് രണ്ടുമണിക്കൂർ 17 മിനിറ്റ് എടുക്കും. 2029 ആകുമ്പോഴേക്കും മുഴുവൻ പാതയും പ്രവർത്തനക്ഷമമാകും. തിരക്കേറിയ സമയങ്ങളിൽ 10 മിനിറ്റ് ഇടവേളയിൽ സർവീസ് ഉണ്ടാവുമെന്നും മന്ത്രി അറിയിച്ചു.
പദ്ധതിയിൽപ്പെടുന്ന കടലിനടിയിലൂടെയുള്ള തുരങ്കം വഴിത്തിരിവാണ്. ബുള്ളറ്റ് ട്രെയിനുകൾക്ക് രണ്ടുദിശയിലേക്കും ഇതിലൂടെ ഒരേസമയം ഓടാം. ആധുനിക സുരക്ഷാ ഉപകരണങ്ങൾ തുരങ്കത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതുവരെ 320 കിലോമീറ്ററിലധികം വയഡക്ട് പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ജപ്പാനിലെ ഏറ്റവും പുതിയ ഇ 10 സീരീസ് ഷിങ്കൻസെൻ ട്രെയിനുകൾ സർവീസ് നടത്താൻ സാധ്യതയുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ അന്തിമതീരുമാനം ആയിട്ടില്ല. ബുള്ളറ്റ് ട്രെയിൻ സമ്പന്നർക്ക് മാത്രമുള്ളതല്ലെന്ന് അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
