ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത യുദ്ധവിമാനങ്ങളെ അണിനിരത്തിയുള്ള പ്രദര്‍ശനത്തിന് വ്യോമസേന. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളെയും പിന്നീട് പാക് സൈനിക കേന്ദ്രങ്ങളിലും തുടര്‍ച്ചയായി ആക്രമണം നടത്തിയ യുദ്ധവിമാനങ്ങളെ മുഴുവന്‍ വിമാനങ്ങളെയും വ്യോമാഭ്യാസ പ്രകടനത്തിന് അണിനിരത്താനാണ് വ്യോമസേനയുടെ തീരുമാനം. 93-ാമത് വായൂസേനാ ദിനത്തോടനുബന്ധിച്ച് ഞായറാഴ്ച നടത്തുന്ന ‘ബരാക്’ എന്ന് പേരിട്ടിരിക്കുന്ന ആഭ്യാസപ്രകടനം വീക്ഷിക്കാന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും എത്തും. അസമിലെ ഗുവാഹത്തിയിലാണ് ബരാക് പ്രദര്‍ശനം നടത്തുക.
ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത എസ്.യു-30 എംകെഐ, റഫാല്‍, തേജസ്, മിറാഷ്- 2000 യുദ്ധവിമാനങ്ങളെയാണ് വ്യോമസേന അണിനിരത്തുക. ഇതിന് പുറമെ ജാഗ്വാര്‍, മിഗ്-29 എന്നീ യുദ്ധവിമാനങ്ങളും അപ്പാച്ചെ അറ്റാക് ഹെലികോപ്റ്ററുകളും സി-17 ഗ്ലോബ്മാസ്റ്റര്‍, സി-130 ഹെര്‍ക്കുലീസ്, ഐഎല്‍-78 റീഫ്യൂവല്ലര്‍ തുടങ്ങിയ വിമാനങ്ങളും അഭ്യാസപ്രകടനത്തില്‍ പങ്കാളികളാകും. ഇന്ത്യാ- പാക് സംഘര്‍ഷ സമയത്ത് യുദ്ധവിമാനങ്ങള്‍ ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടിരുന്നുവെന്ന് പാകിസ്താന്റെ വാദങ്ങള്‍ക്കിടെയാണ് ഇന്ത്യയുടെ വ്യോമാഭ്യാസമെന്നതാണ് ശ്രദ്ധേയം. മാത്രമല്ല എട്ട് യുദ്ധവിമാനങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷസമയത്ത് വെടിവെച്ചിട്ടിരുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഏത് രാജ്യത്തിന്റെ യുദ്ധവിമാനങ്ങളാണ് വെടിവെച്ച് വീഴ്ത്തപ്പെട്ടതെന്ന് ട്രംപ് ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല.
ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ വ്യോമസേന നടത്തുന്ന ആദ്യത്തെ സമ്പൂര്‍ണ വ്യോമാഭ്യാസമെന്ന പ്രത്യേകതയും ഇതിനുണ്ട്. യുദ്ധവിമാനങ്ങള്‍ക്ക് പുറമെ ഹെലികോപ്റ്ററുകളും അഭ്യാസപ്രകടനത്തില്‍ പങ്കെടുക്കും. 25 തരത്തിലുള്ള എയര്‍ ഫോര്‍മേഷനുകള്‍ വ്യോമസേന പ്രദര്‍ശിപ്പിക്കും. സൂര്യകിരണ്‍ വിമാനങ്ങളുടെ അഭ്യാസ പ്രകടനവും ഉണ്ടാകും.
Courtesy: Mathrubhumi
